Wednesday, November 15, 2017

ബദറിലൂടെ വീണ്ടും മദീനയിലേക്ക്

മദീന എത്ര തന്നെ കണ്ടാലും മതി വരാത്ത പട്ടണം ലോകത്തിന്റെ പ്രവാചകന്റെ സ്വന്തം മണ്ണ് ... ഈ മദീനയുടെ മണ്ണിൽ എപ്പോഴും വരാൻ സാധിക്കുമായിരുന്നില്ലെങ്കിൽ   ഞാൻ  എന്റെ പ്രവാസം എന്നോ അവസാനിപ്പിക്കുമായിരുന്നു ... എത്ര തവണ ഈ നഗരിയിൽ വന്നെന്ന് എനിക്ക് തന്നെ അറിവില്ല ഈ നീണ്ട പ്രവാസത്തിന്റെ ഇരുപത് വർഷങ്ങളിൽ ...  ഇനിയും ഇനിയും ഇവിടെ വരും എന്റെ റബ്ബ് കനിയുമെങ്കിൽ.. ഉമ്മയുമായും ഉപ്പയുമായും ഭാര്യയുമായും മക്കളുമായും എല്ലാം ഈ പുണ്യ ഭൂമിയിലൂടെ നടന്നിട്ടുണ്ട്... റസൂൽ കയറിയ ജബല് രുമാത്തിൽ  കയറിയിട്ടുണ്ട്... റസൂൽ നിസ്കരിച്ച ഖുബാ മസ്ജിദിൽ നിസ്കരിച്ചിട്ടുണ്ട് ....റസൂൽ കരഞ്ഞു കലങ്ങിയ കണ്ണുമായ് നിന്ന ഖന്തഖിൽ തപിക്കുന്ന ഹൃദയവുമായി വിങ്ങി നിന്നിട്ടുണ്ട് ... റസൂൽ നടന്ന മദീനയിലൂടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും നടന്നിട്ടുണ്ട്... റസൂലിന്റെ പ്രിയ സന്തതികളുറങ്ങുന്ന ജന്നത്തുൽ ബഖീഇൽ കയറി അവരുമായ്  കിന്നാരം പറഞ്ഞിട്ടുണ്ട് റസൂലിന് താവളമൊരുക്കിയ ജബലുഹിദിലെ പൊത്തിൽ കയറിയിട്ടുണ്ട് ... ഇനിയും എന്തൊക്കെ കാര്യങ്ങൾ ഈ മണ്ണിൽ ചെയ്തത് പറയാനുണ്ട് ....
ഈ പ്രാവശ്യവും മദീനയിൽ പോയി മനസ്സിൽ പോകുമ്പോൾ ഒരാഗ്രഹമുണ്ടായിരുന്നു ബദറിലൂടെ ഒരു യാത്ര മുൻപ് ജിദ്ദക്കാരായ ഞങ്ങൾ മദീനയിൽ പോകുന്നത് ബദറിലൂടെ ആയിരുന്നു ഇപ്പോൾ കുറച്ചു വര്ഷങ്ങളായിട്ട് അത് സാധ്യമല്ലായിരുന്നു പ്രിയ സ്നേഹിതൻ മുസ്തഫ പെരുവള്ളൂരിന്റെ കൂടെ അവന്റെ സ്വന്തം ട്രാവൽ ഗ്രൂപ്പായ അൽ വഹാ ട്രാവൽസിൽ ഒരു യാത്ര ..... അവന്റെ ഗ്രൂപ്പാണെങ്കിലും യാത്രയിൽ അവനു പ്രത്യാകമായി ഒരു തീരുമാനവും ഇല്ല നമ്മൾ യാത്രക്കാർ എന്ത് പറയുന്നു അതാണവന്റെ തീരുമാനം ബദറിലൂടെ പോകാം എന്ന് പറഞ്ഞപ്പോൾ പിന്നെ എന്താ പോകാമല്ലോ എന്നാണവന്റെ മറുപടി .... മനസ്സ് നിറഞ്ഞു പിന്നെ ഒന്നും പറയേണ്ടി വന്നില്ല യാത്ര ബദറിലൂടെ തന്നെ .... ഞങ്ങൾ ജിദ്ദക്കാരും പിന്നെ ബഹറയിൽ നിന്ന് ശിഹാബ് താമരക്കുളത്തിന്റെ നേതൃത്ത്വത്തിൽ കുറച്ച് കൂട്ടുകാരും (ബഹറ  കെ എം സി സിക്കാർ ആണെന്നാണ് എന്റെ അറിവ് ) ... യാത്രകളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ... അതും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളുടെ അടുത്തേക്കാകുമ്പോൾ വളരെ ഇഷ്ടപ്പെട്ട ആളുകളുടെ കൂടെ അത് വിവരണാതീതമാണ് ... "ശിഹാബ് താമരക്കുളം"  ഈ പ്രവാസത്തിൽ ഇങ്ങിനെ കുറെ പേരുണ്ട് ജീവിതം തന്നെ സമൂഹത്തിനായി മാറ്റിവെക്കപെട്ടവർ നിഷ്കളങ്കനായ പ്രവർത്തകൻ പ്രവാസത്തിനിടയിൽ സ്വന്തം പദ്ധതി വിവരിച്ചപ്പോൾ മനസ്സ് നിറഞ്ഞു കെ എം സി സിയിൽ  ഇങ്ങിനെയുള്ള കുറെ പേരുള്ളത് കൊണ്ടാണ് അത് നില നിൽക്കുന്നത് തന്നെ  ... ബദറിലെത്തിയ ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും ശുഹദാക്കൾ അന്തിയുറങ്ങുന്ന ആ യുദ്ധ ഭൂമിയുടെ  അരികുപറ്റി യാത്ര ചെയ്തപ്പോൾ ബദറിൻറെചരിത്രവുമായി മുസ്തഫ പെരുവള്ളൂരും ഇഖ്ബാൽ സാഹിബും ഞങ്ങളിലേക്കെത്തി ഒരു പാട് കേട്ട് മനസ്സ് നിറഞ്ഞ ചരിത്രവുമായി ....
തുടർന്ന് മദീനയിലേക്ക് മദീനയെ പറ്റി ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ അവിടെ ഈ പ്രാവശ്യം ഞങ്ങൾ സന്ദര്ശിച്ച രണ്ട് സ്ഥലങ്ങളെ പറ്റി വിശദീകരിക്കാം ഒന്ന് അല്ലാഹുവിന്റെ നാമങ്ങൾ ഉൾക്കൊള്ളുന്ന എക്സിബിഷൻ രണ്ടാമതായി റസൂലിന് ശേഷം ഭരണം ഏറ്റെടുത്ത ഖലീഫ അബൂബക്കർ സിദ്ധീഖ് (റ ) യെ ബൈഅത്ത് ചെയ്ത സ്ഥലം സോകേഫാത്ത് ബനീ സഅദ് ....മദീനയിലെ 17 നമ്പർ കവാടത്തിനു പുറത്തു ഒരു ചെറിയ പൂന്തോട്ടം ... അതാണ് സക്കീഫാത്ത് ബനീ സഅദ് ...

പരിശുദ്ധ പ്രവാചകരുടെ (സ്വ) വിയോഗ ശേഷം ഖലീഫ അബൂബക്കർ സിദ്ദീഖ്‌ (റ) ഭരണാധികാരിയായി അധികാരമേറ്റപ്പോൾ വിശ്വാസികൾ ഖലീഫക്ക്‌ അനുസരണ പ്രതിജ്ഞ ( ബൈ അത്ത്‌) നടത്തിയ സ്ഥലം. മദീന പള്ളിയുടെ വടക്ക്‌ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. നേരത്തെ ഇവിടെ ബനീസാഇദ അൽ ഖസ്രജി ഗോത്രക്കാരുടെ പാർപ്പിടങ്ങളായിരുന്നു. പ്രമുഖ സ്വഹാബിവര്യൻ സ അദ്‌ ബിൻ മു ആദ്‌ (റ) താമസിച്ചത്‌ ഇവിടെയായിരുന്നു
തുടർന്ന് ഞങ്ങൾ എക്സിബിഷൻ സന്ദര്ശിച്ചു ... അതിനുള്ളിൽ ഒരു സുഹൃത്തുണ്ട് സക്കരിയ്യ കായംകുളത്തുകാരനാണെന്നാണറിവ് മദീന യൂണിവേയ്സിറ്റിയിലെ വിദ്യാർത്ഥി വളരെ മനോഹരമായ ഭാഷയിൽ (മലയാളത്തിൽ ) അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച വിവരിച്ചു നൽകുന്നു അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച ഇത്ര മനോഹരമായ  ശൈലിയിൽ മുൻപ് ഞാൻ കേട്ടിട്ടില്ല അത് സന്ദർശിക്കുന്ന ആർക്കും മനസ്സിന് ഒരു പ്രത്യേക അനുഭൂതിയുണ്ടാകും തീർച്ച .... പിന്നെ മുഹമ്മദ് റസൂലുള്ള എന്ന ഒരു എക്സിബിഷനുണ്ട് അതിനടുത്ത് അത് സന്ദർശിക്കാനുള്ള സമയം തികഞ്ഞില്ല ഇൻ ഷാ അല്ലാഹ് തീർച്ചയായും ഇനിയൊരുവട്ടം അവിടെയും എത്തും ഇത് വായിക്കുന്ന നിങ്ങളും അതെല്ലാം സന്ദർശിക്കണം ഈ ലോകത്തിന്റെ സൃഷ്‍ടാവിനെ പറ്റിയും ലോകത്തിന്റെ റസൂലിനെ പറ്റിയുമുള്ള ചരിത്രം .... 
ഞങ്ങളുടെ കൂടെ നാട്ടിൽ നിന്നും വന്ന ഒരുപാട് വയസ്സായ സ്ത്രീകൾ ഉണ്ടായിരുന്നു എക്സിബിഷൻ സന്ദർശിക്കാൻ അതിൽ ഒരു വയസ്സായ സ്ത്രീ എക്സിബിഷൻ ഹാളിൽ കണ്ണീർ പൊഴിക്കുന്ന ഒരു രംഗം എന്റെ ഹ്രദയത്തെ വല്ലാതെ സ്പർശിച്ചു ...ഇതെല്ലാം കാണാൻ അല്ലാഹു നൽകിയ അനുഗ്രഹത്തിനുള്ള ശുക്റായിരിക്കും ...
ഇഷാ നിസ്കാരത്തിനു ശേഷം ഞങ്ങൾ മദീന വിട്ടു ഇനിയും വരുമെന്ന മനസ്സിന്റെ വിങ്ങലിൽ .... എല്ലാ യാത്രയിലുമെന്ന പോലെ ഈ യാത്രയിലെ സുഹൃത്തുക്കളും അവരുടെ മാളങ്ങളിലേക്ക് മടങ്ങി  ഇനിയൊരു കാണലുണ്ടാകുമോയെന്ന ശങ്കയിൽ...  എത്രയെത്ര യാത്രകൾ എത്ര സ്നേഹിതർ അവരെല്ലാം അവരുടെ ജീവിത തിരക്കിനിടയിലേക്ക് കയറിപ്പോയി .......
ഞാനിതാ ഇവിടെ വീണ്ടും .....

Sunday, May 7, 2017

ഖൈബറിലൂടെ മദായിൻ സ്വാലിഹിലേക്ക്

വീണ്ടും  ഒരു മദായിൻ സ്വാലിഹ് യാത്ര നടത്താൻ അവസരമുണ്ടായി യാത്രകൾ എന്നും മനസ്സിൽ  ഒരു ലഹരിയായ് കൊണ്ട് നടക്കുന്ന വ്യക്തിയാണ് ഞാൻ.. 2009 ൽ ഐ ഡി സി ജിദ്ദയുടെ (http://ariyalloor.blogspot.com/2009/09/blog-post_22.html) കൂടെ എന്റെ രണ്ടാമത്തെ മദായിൻ സ്വാലിഹ് യാത്രക്ക് ശേഷം പ്രിയ സുഹൃത്ത് മുസ്തഫ പെരുവള്ളൂരിന്റെ കൂടെ വീണ്ടുമൊരു യാത്ര ഒത്ത് വന്നത് യാദൃക്ഷികമായിട്ടായിരുന്നു ... അതും കുടുമ്പ സമേതം ...അൽ ഹംദുലില്ലാഹ് ... ഞാൻ കരുതിയതിലും വളരെ ഉഷാറായിരുന്നു യാത്ര ... ഖൈബറിലൂടെ  ജിദ്ദയിൽ നിന്നും  900 കിലോമീറ്റർ അകലെ മദായിൻ സ്വാലിഹിലേക്ക് ... ജിദ്ദയിലെ അൽ വഹ ടൂർസിന്റെ കീഴിൽ ... പ്രവാസത്തിന്റെ ചൂടിൽ മനസ്സിന് സന്തോഷം നൽകുന്ന  ചില നിമിഷങ്ങൾ യാത്രകളാണ് "പ്രസിദ്ധരായവരുടെ കൂടെ  യാത്രകൾ ലഭിക്കുക എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയും കൂടിയുണ്ടതിൽ "  .. ജിദ്ദയിൽ നിന്നും വ്യാഴം 9 മണിക്ക് പുറപ്പെട്ട ഞങ്ങൾ സുബ്ഹിക്ക് മുൻപായി ഉഹ്ദ് യുദ്ധ ഭൂമിയിലെത്തി.. യാത്ര യിലെ ഗൈഡുകൾ എത്തിച്ചേരാൻ അൽപ്പം താമസിച്ചു..  കാത്തിരിപ്പിന്റെ മുഷിപ്പകറ്റാൻ ഞങ്ങൾ റഫീഖ് സാറിന്റെ (റഫീഖ് ചെറുശ്ശേരി .. ചെറുശ്ശേരി  ഉസ്താദിന്റെ മകൻ അല്ലാഹു ഉസ്താദിന് മഗ്ഫിറത്ത് നൽകട്ടെ ആമീൻ.. ) നേതൃത്തത്തിൽ ഉഹ്ദിലെ റസൂൽ (സ) ഇരുന്ന ഗുഹ സന്ദർശിച്ചു ... എന്റെ ഈ പ്രവാസത്തിനിടയിലെ ഒരു അമൂല്യ നിമിഷം എനിക്കത് സമ്മാനിച്ചു ... ("കസ്തൂരിയുടെ ഗന്ധം " എന്റെ റസൂലിന്റെ ഗന്ധം  അത് അനുഭവിച്ചറിയാൻ സാധിച്ചതിൽ വളരെ അധികം ആഹ്ലാദവാനാണ് ഞാൻ) ... തുടർന്നു ഗൈഡുകൾ എത്തിച്ചേർന്നു (ത്വൽഹത്ത് സഖാഫി ) സുബഹി നിസ്കാരത്തിനു ശേഷം  ഞങ്ങൾ ഖൈബറിലേക്ക് നീങ്ങി ..
ഖൈബറിലെത്തുന്നതിനു മുൻപ് ഞങ്ങൾ "സദ്ദ് ബിൻത്ത് " എന്ന അണക്കെട്ട് സന്ദർശിച്ചു ... ( http://alsahra.org/?p=130 ) വളരെ കാലപ്പഴക്കമുള്ള ഒരു അണക്കെട്ട് . 
സൗദിയുടെ അതി പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു നിര്മിതിയാണ്  സദ്ദ് ബിൻത് ... അതിനു ശേഷം ചരിത്ര പ്രസിദ്ധമായ ഖൈബർ കോട്ട കാണാൻ .... ഖൈബർ അലി (റ ) ബന്ധപ്പെട്ട് കിടക്കുന്ന പ്രസിദ്ധമായ ഒരു ചരിത്ര സ്ഥലമാണ് ഖൈബർ യുദ്ധത്തിന് അലി (റ) ആയിരുന്നു നേത്രത്തം  ഖൈബർ കോട്ടയുടെ വാതിൽ പരിചയാക്കിയ ചരിത്രം മനസ്സിലൂടെ കടന്ന് പോയി മദ്രസ്സയിൽ പഠിച്ച ആ ചരിത്രം മനസ്സിലുള്ള  നല്ല ചിത്രങ്ങളുടെ പട്ടികയിൽ ഇന്നും നില നിൽക്കുന്നുണ്ട് അതിനു വർണ്ണങ്ങളുടെ തെളിച്ചമേകിയ നിമിഷം !!! ചില ചരിത്രങ്ങൾ അങ്ങിനെയാണ് മനസ്സിന് എന്നും ഇമ്പമേകും ഇസ്‌ലാമിലെ ധീരതയുടെ നേർ ചിത്രമായിരുന്നു അലി (റ) .. "അലി ഹൈദർ "
തുടർന്ന് അലി (റ ) വാളുകൊണ്ട് കുത്തിയ സ്ഥലത്ത് നിന്ന് വന്ന ഉറവ (ഐൻ അലി ) അതും സന്ദർശിച്ച്  കോട്ട കയറി ..
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കോട്ട വളരെ വിസ്മയം തോന്നി കഴിഞ്ഞ കാലത്തിന്റെ നേർ സാക്ഷ്യങ്ങൾ "ചിന്തിക്കുന്ന മനുഷ്യന് ദൃഷ്ട്ടാന്തമുണ്ടെന്ന്" ഖുർ ആൻ  ഓർമ്മ പെടുത്തന്ന പോലെ ...  ഇതിലും ചിന്തിക്കുന്ന മനുഷ്യന് ഒരു പാട് വിസ്മയങ്ങളുണ്ട് ...
ഈന്തപ്പന തടിയും   ഓലയും മണലും കൊണ്ട് തീർത്ത മൂന്നു നിലകളുള്ള കോട്ട ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു ... ഖൈബർ യുദ്ധത്തിന്റെ ബാക്കി പത്രം പിൻ തലമുറക്കായി ഇന്നും അവശേഷിക്കുന്നു...  അവിടെ നിന്നും ഖൈബർ ശുഹദാക്കളുടെ മഖ്ബറക്കരികിലൂടെ അൽ ഉലാ പട്ടണം ലക്ഷമാക്കി ഞങ്ങൾ നീങ്ങി  11 .30 മണിയോട് കൂടെ ഞങ്ങൾ അവിടെയെത്തി 5000 ത്തിൽ അധികം വര്ഷം പഴക്കമുള്ള ചരിത്രമുണ്ട് അൽ ഉലാ പട്ടണത്തിനു ... ഇന്നും ഒരു പാട് വിദേശികൾ (യൂറോപ്യൻസും അമേരിക്കൻസും )നിത്യ സന്ദർശകരാണ് അവിടെ ട്രൗസറിട്ട മദാമ്മമാർ അബായ ചുറ്റി കെട്ടി നടക്കുന്നത്  കാണുമ്പോൾ അത്ഭുതം തോന്നും ...(https://en.wikipedia.org/wiki/Al-%60Ula)
മദീനയിൽ നിന്നും 380 കിലോമീറ്റർ ദൂരമുണ്ട് അൽ ഉലാ പട്ടണത്തിലേക്ക് സാലിഹ് നബിയുടെ പ്രബോധന മേഖല ... അൽ ഉലാ പട്ടണത്തിന്റെ പൂർവ്വ ചരിത്രം സൗദി ഗവണ്മെന്റ് പുനർ നിർമ്മിച്ചിരിക്കുന്നു 1500 ഓളം വീടുകൾ പുനഃ സൃഷ്ടിച്ചിരിക്കുന്നു ... അതിൽ മുഹമ്മദ് നബി (സ) നിസ്കരിച്ച സ്ഥലത്ത് നിർമിച്ച  പള്ളി മസ്ജിദുൽ ഇളം  ... ഈന്തപ്പന തടിയും ഓലയും മണലും കൊണ്ട് വളരെ മനോഹരമായ രീതിയിൽ പുനർ നിർമ്മിച്ചിരിക്കുന്നു ... 

അവിടെ നിന്നും മദായിൻ സ്വാലിഹിലേക്ക് 23 കിലോമീറ്റർ ദൂരമുണ്ട്.. യുനെസ്കോയുടെയും വേൾഡ് ഹെറിറ്റേജ് സിറ്റിയുടെയും നിയന്ത്രണത്തിൽ സൗദി ടൂറിസം ആണ് സന്തർഷകരെ നിയന്ത്രിക്കുന്നത് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ സന്ദർശകർക്ക് പ്രവേശനമുണ്ട് ...മുൻപ് വന്നപ്പോൾ വളരെ അധികം ദൂരമുണ്ടായിരുന്നു അൽ ഉലാ പട്ടണത്തിൽ നിന്നും   (75 km ) റോഡും മോഷം ഇപ്പോൾ പുതിയ റോഡുകളും സൗകര്യങ്ങളുമായി വളരെ സുഖമുള്ള യാത്ര ... കവാടം കടന്ന ഉടനെ തന്നെ ഹിജാസ് റെയിൽവേയുടെ ... വളരെ മനോഹരമായി പുനഃസൃഷ്ടി... ..  https://en.wikipedia.org/wiki/Hejaz_Railway#Construction സിറിയ മുതൽ മദീന വരെ ഉള്ള 1320 കിലോമീറ്റർ ദൂരമുണ്ട് ... 1908 ൽ തുറന്ന് പ്രവർത്തനമാരംഭിച്ച റെയിൽവേ 1920 ആയപ്പോയേക്കും അടച്ചു പൂട്ടി ഒന്നാം ലോക മഹായുദ്ധവും ടെക്‌നീഷ്യന്മാരുടെ കുറവും കാരണം പ്രവർത്തന രഹിതമായി .. ചരിത്ര അന്വേഷികൾക്ക് ചരിത്ര പഠനത്തിൽ ബ്ര്ഹത്തായ ഒരു മുതൽക്കൂട്ടാണ് മദായിൻ സാലിഹിന്റെ ചരിത്രം ... 

മലകൾ തുരന്ന് ജീവിച്ചവരുടെ വിവരണം എന്റെ മുൻകാല ബ്ലോഗിലുള്ളത് കൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല ... മനസ്സ് ഒരുപാട് കാലം പിന്നിലേക്ക് ഒഴുകിയ ഒരനുഭൂതി ... അൽവാഹ ടൂർസിനും മുസ്തഫ പെരുവള്ളൂരിനും ഒരുപാട് നന്ദി...